Get Mystery Box with random crypto!

​​കോവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിലൂടെ നാട് കടന്നുപോകുമ്പോ | CMOKerala

​​കോവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിലൂടെ നാട് കടന്നുപോകുമ്പോൾ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കും ശാരീരിക മാനസിക വിഷമതകളിൽ കഴിയുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും അവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് 'വാതിൽപ്പടി സേവനം'. ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, സാമൂഹിക സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ലഭ്യമാക്കുന്നത് . മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവരാണ് മുഖ്യ ഗുണഭോക്താക്കൾ.

സംസ്ഥാനത്തെ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് വാതിൽപ്പടി സേവനപദ്ധതി പ്രാരംഭ തലത്തിൽ നടപ്പിലാക്കുന്നത്. ഈ പ്രദേശങ്ങളിൽ വാതിൽപ്പടി സേവനവുമായി സഹകരിക്കുവാൻ തല്പരരായ സന്നദ്ധ പ്രവർത്തകർ അടിയന്തിരമായി സാമൂഹിക സന്നദ്ധസേന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് മെമ്പർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇങ്ങനെ സാധാരണ ജനങ്ങളുമായി അടുത്തിടപെടുന്ന എല്ലാ സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. വാതിൽപ്പടി സേവന കൂട്ടായ്മയിലെ ഏറ്റവും സുപ്രധാന കണ്ണിയാകുക വഴി നമ്മുടെ സമൂഹത്തിലെ ഏറ്റവും പരിഗണയർഹിക്കുന്നവരെ സഹായിക്കുവാൻ കഴിയും.

'വാതിൽപ്പടി സേവന'ത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി കുറഞ്ഞത് ആറുമാസക്കാലത്തേക്കെങ്കിലും സ്ഥിരമായി പ്രവർത്തിക്കാൻ കഴിയുന്ന സന്നദ്ധസേന അംഗങ്ങൾ സാമൂഹിക സന്നദ്ധസേന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് സേവനസന്നദ്ധത അറിയിക്കേണ്ടതാണ്. ഇതുവരെയും സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്യാത്ത തല്പരരായ വ്യക്തികൾക്ക് www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്ടേഷൻ പൂർത്തിയാക്കി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവേളയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ssannadhasena@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

പിണറായി വിജയൻ
മുഖ്യമന്ത്രി